അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളിലൊരാളായ മുഹമ്മദ് റിഫയും പിടിയില്‍
കൊച്ചി: മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തില് മുഖ്യപ്രതികളിലൊരാളായ പ്രതി മുഹമ്മദ് റിഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോക്കോളേജ് വിദ്യാര്ഥിയുമാണ് റിഫ. ഇയാള് രണ്ട ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് വിവരം.
സംവഭവത്തില് മഹാരാജാസ് കോളേജില് ഏത് വിധേനയും സ്വാധീനമുണ്ടാക്കാന് ക്യാമ്പസ് ഫ്രണ്ട് തീരുമാനിച്ചിരുന്നു. ഇതിന് ഭയമുളവാക്കുന്ന സാഹചര്യമുണ്ടാക്കാന് പദ്ധതിയിട്ടിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയില് മുഹമ്മദ് റിഫയ്ക്ക് മുഖ്യ പങ്കുണ്ട്. നേരത്തെ പദ്ധതിയിട്ട പ്രകാരം നടന്ന കൊലപാതകത്തില് ആരാണ് അഭിമന്യുവിനെയും അര്ജുനേയും കുത്തിയതെന്ന വിവരം റിഫയില് നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ഇയാള്ക്ക് ഇക്കാര്യത്തില് വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ചുവരെഴുത്ത് പ്രശ്നങ്ങള് നിലനില്ക്കുന്ന സമയത്തു തന്നെ റിഫയുടെ സാന്നിധ്യം മഹാരാജാസ് കോളേജിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തില് നേരിട്ട് പങ്കെടുത്ത മുഹമ്മദും സനീഷിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി മുഹമ്മദിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. കേസില് ഇതുവരെ ഏഴുപരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഏഴോളം പേരെ അറസ്റ്റ് ചെയ്യാനുണ്ട്. കേസില് പ്രധാന പ്രതികളെ സഹായിച്ചവര്, ഗൂഢാലോചനയില് പങ്കാളികളായവര് എന്നിങ്ങനെ 30ഓളം പ്രതികളുണ്ട്. ഇവരില് 12പേര് പൊലീസ് കസ്റ്റഡിയിലാണ്.
