അഭിമന്യുവിന്‍റെ കൊലയാളികള്‍ ഇനിയും ഒളിവില്‍, ഇരുട്ടില്‍ തപ്പി പൊലീസ്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുന്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാനാകാതെ കൊച്ചി സിറ്റി പൊലീസ്. കൊലയാളിയടക്കം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ എവിടെയെന്നറിയാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് രാത്രിയായിരുന്നു അഭിമന്യു കൊല്ലപ്പെട്ടത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ അന്നു രാത്രി തന്നെ വിദ്യാർഥികൾ പൊലീസിന് പിടിച്ചു കൊടുത്തു. ഇവരെ മാത്രമാണ് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തി കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അറസ്റ്റു ചെയ്തത്. 

ബാക്കി അറസ്റ്റിലായ മൂന്നു പേരും പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് പിടിയിലായത്. ഒന്നാം പ്രതി മുഹമ്മദും കൊലയാളിയുമടക്കമുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിടത്തെക്കുറിച്ച് കാര്യമായ വിവരവമില്ല. ചില എസ്ഡിപിഐ കേന്ദ്രങ്ങളുടെ സംരക്ഷണയിലാണ് ഇവരെന്നാണ് കൊച്ചി സിറ്റി പൊലീസ് പറയുന്നത്. പ്രതികളെ പുകച്ചു പുറത്തുചാടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബാങ്ക് അക്കൗണ്ടുകൾ അടക്കം മരവിപ്പിച്ചത്.

മുഹമ്മദടക്കമുള്ള പ്രതികൾ ഒരാഴ്ചക്കുള്ളിൽ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് കൊച്ചി സിറ്റി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ പൊലീസ് സംവിധാനത്തെയപ്പടെ അന്വേഷണത്തിന് ഇറക്കിയിട്ടും കാര്യമായ പുരോഗതിയുണ്ടാകാത്തതിൽ ഉന്നത പൊലീസ് കേന്ദ്രങ്ങളിൽ അതൃപ്തിയുണ്ട്. ഈ നില തുടർന്നാൽ നിലവിലെ ടീമിനെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെയോ അല്ലെങ്കിൽ ക്രൈം ബ്രാഞ്ചിനെയോ എൽപിക്കാനും ആലോചനയുണ്ട്.