ചുറ്റുമുള്ള റോഡുകളെല്ലാം വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലാണ് കാലടി സര്‍വ്വകലാശാലാ ക്യാമ്പസ്. നേരത്തേ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ഒരു ബോട്ട് ഇവിടേയ്ക്ക് ട്രയല്‍ റണ്‍ നടത്തിയിരുന്നു. എട്ട് പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടാണ് എത്തിയത്.

കാലടി സംസ്‌കൃത സര്‍വ്വകലാശാലാ കോളെജ് ഹോസ്റ്റലില്‍ കുടുങ്ങിയിരിക്കുന്നത് നാനൂറിലേറെ വിദ്യാര്‍ഥികള്‍. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും ഹോസ്റ്റലുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ യൂട്ടിലിറ്റി സെന്ററിലാണ് കുട്ടികള്‍ ഇപ്പോള്‍. ചുറ്റുമുള്ള റോഡുകളെല്ലാം വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലാണ് കാലടി സര്‍വ്വകലാശാലാ ക്യാമ്പസ്. നേരത്തേ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ഒരു ബോട്ട് ഇവിടേയ്ക്ക് ട്രയല്‍ റണ്‍ നടത്തിയിരുന്നു. എട്ട് പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടാണ് എത്തിയത്. ട്രയല്‍ റണ്ണിന് ശേഷം കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാമെന്നായിരുന്നു ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമിന്റെ കണക്കുകൂട്ടലെങ്കിലും പുറത്തെ ശക്തമായ ഒഴുക്ക് ഇതിന് തടസം സൃഷ്ടിക്കുന്നു. ഗര്‍ഭിണികളായ രണ്ടുപേരും രോഗികളുമൊക്കെയുണ്ട് വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍. വിദ്യാര്‍ഥികള്‍ ഇപ്പോഴുള്ള യൂട്ടിലിറ്റി സെന്റര്‍ കെട്ടിടത്തിന് മൂന്ന് നിലകളാണുള്ളത്. ആദ്യത്തെ നിലയിലേക്ക് ഇന്നത്തെ കനത്ത മഴയില്‍ വെള്ളം കയറിത്തുടങ്ങുന്ന അവസ്ഥയിലാണ്. രണ്ടാംനിലയിലാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. നിലവിലെ സ്ഥിതിയെക്കുറിച്ച് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ അഖില്‍, ആതിര എന്നിവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്..

അഖില്‍- "ഒരു ബോട്ട് വന്നിരുന്നു ഞങ്ങളെ ഷിഫ്റ്റ് ചെയ്യാന്‍. പക്ഷേ അത് വണ്ടത്ര വലിപ്പമുള്ള ബോട്ട് ആയിരുന്നില്ല. ഇത്രയും പേരെ ഷിഫ്റ്റ് ചെയ്യാന്‍ പറ്റില്ല. ആകെ 400 വിദ്യാര്‍ഥികളുണ്ട് ഇവിടെ. അതില്‍ മുന്നൂറിലധികം പെണ്‍കുട്ടികളാണ്. നിലവില്‍ യാത്രാസൗകര്യങ്ങള്‍ ഒന്നുമില്ല. ഞങ്ങളിപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡ് മാര്‍ഗ്ഗം സഞ്ചരിക്കാന്‍ പറ്റില്ല. ബോട്ടിലേ സഞ്ചരിക്കാന്‍ പറ്റൂ. നേവിയെയും മറ്റും അറിയിച്ചിട്ടുണ്ട്. പക്ഷേ ആരും എത്തിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം പല സ്ഥലങ്ങളിലായി നടക്കുന്നതുകൊണ്ട് എത്താന്‍ താമസിക്കുമെന്നാണ് കിട്ടിയ അറിയിപ്പ്. എന്നാലും എത്രയും പെട്ടെന്ന് എത്താമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ ഒരു കുട്ടിക്ക് ശന്നി വന്നു. മോശമാണ് അവസ്ഥ. സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ഇനിയും മഴ തുടര്‍ന്നാല്‍ ഇവിടെ തുടരുക അപകടകരമാണ്. ഒന്നാംനിലയിലേക്ക് വെള്ളം കയറാന്‍ തുടങ്ങുകയാണ്. കുട്ടികളെല്ലാം ഇപ്പോള്‍ രണ്ടാംനിലയിലാണ് ഉള്ളത്. ഇന്ന് രാവിലെ മുതലാണ് യൂണിവേഴ്‌സിറ്റി ഒറ്റപ്പെട്ട അവസ്ഥയിലെത്തിയത്."

ആതിര- "ഹോസ്റ്റലുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് യൂട്ടിലിറ്റി സെന്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു ഞങ്ങളെ. ഇന്നലെ വൈകുന്നേരത്തോടെ ബോയ്‌സ് ഹോസ്റ്റല്‍ മുങ്ങിയിരുന്നു. രാത്രി ഒന്നരയോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും വെള്ളം കയറിത്തുടങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെ ഗവേഷണ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്ക് മാറ്റി. അവിടെയും വെള്ളം കയറിയതോടെയാണ് ഇപ്പോള്‍ യൂട്ടിലിറ്റി സെന്റിലേക്ക് മാറ്റിയിരിക്കുന്നത്. മഴ നില്‍ക്കുന്നില്ല. കാലടി പാലം മുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരാനും തടസ്സങ്ങളുണ്ട്. കുട്ടികള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നത്. "