''മോദി എന്നെ അധിക്ഷേപിക്കുമ്പോൾ‌ എന്നെ ആലിം​ഗനം ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. കോൺ​ഗ്രസ് പാർട്ടി മൂലം അദ്ദേഹം അസ്വസ്ഥനാണ്. ഞങ്ങളത് മനസ്സിലാക്കുന്നു. അതിൽ ഞങ്ങൾക്ക് ദേഷ്യമില്ല. അതാണ് കോൺ​ഗ്രസിന്റെ മാതൃക. ഞങ്ങളൊരിക്കലും ജനങ്ങളെ വെറുക്കില്ല.'' രാഹുൽ ​ഗാന്ധി പറഞ്ഞു.

ഭുവനേശ്വർ: ബിജെപിയിൽ നിന്നും നേരിടേണ്ടി വരുന്ന അപമാനങ്ങളും അധിക്ഷേപങ്ങളും തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനങ്ങളാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഭുവനേശ്വറിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരോട് സംസാരിക്കവേയാണ് രാഹുൽ ബിജെപിയോടുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്.

'' ബിജെപിയും ആർഎസ്എസും എനിക്കെതിരെ നടത്തുന്ന അസഭ്യ പരാമർശങ്ങൾ എനിക്ക് ലഭിക്കുന്ന സമ്മാനങ്ങളാണ്. അവരിൽ നിന്നും എനിക്ക് ലഭിക്കുന്ന ബഹുമതിയായിട്ടാണ് എനിക്കിവ അനുഭവപ്പെടുന്നത്. മോദി എന്നെ അധിക്ഷേപിക്കുമ്പോൾ‌ എന്നെ ആലിം​ഗനം ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. കോൺ​ഗ്രസ് പാർട്ടി മൂലം അദ്ദേഹം അസ്വസ്ഥനാണ്. ഞങ്ങളത് മനസ്സിലാക്കുന്നു. അതിൽ ഞങ്ങൾക്ക് ദേഷ്യമില്ല. അതാണ് കോൺ​ഗ്രസിന്‍റെ മാതൃക. ഞങ്ങളൊരിക്കലും ജനങ്ങളെ വെറുക്കില്ല.'' രാഹുൽ ​ഗാന്ധി പറഞ്ഞു.

''വിദ്വേഷത്തിൽ നിന്നും വെറുപ്പിൽ നിന്നും ഒന്നും നേടാൻ സാധിക്കില്ലെന്ന് ഞങ്ങൾക്കറിയാം.'' മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ​ഗാന്ധിയുടെയും രാജീവ് ​ഗാന്ധിയുടെയും കൊലപാതകങ്ങൾ ചൂണ്ടിക്കാണിച്ചാണ് ​​രാഹുൽ ​ഗാന്ധി ഇപ്രകാരം പറഞ്ഞത്. മോദി മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കുന്നത് നാ​ഗ്പൂരിലെ ആർഎസ്എസ് ആണെന്നും രാഹുൽ വിമർശിച്ചു. രാജ്യത്തെ കർഷകരെ മറന്ന നിലപാടാണ് മോദി സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ നിലപാടില്‍ കർഷകര്‍ അസ്വസ്ഥരാണെന്നും രാഹുൽ പ്രസംഗമധ്യേ കൂട്ടിച്ചേര്‍ത്തു.