ബംഗളുരു:  കര്‍ണ്ണാടകത്തിലെ രാമനാഗരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. ബംഗളൂരു മൈസൂരു ദേശീയ പാതയിലെ രാമനാഗര ജില്ലയിലുള്ള  സംഗ ബസവണ്ണ ദൊഡ്ഡിയിലാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. പത്തനംതിട്ട തുരുത്തിക്കാട് സ്വദേശി ജോയൽ ജേക്കബും ജോയലിന്‍റെ സുഹൃത്തുക്കളായ ദിവ്യ, ജീന, നിഖിത് തുടങ്ങിയവരുമാണ് മരിച്ചത്. തിരുവല്ല,കോലഞ്ചേരി സ്വദേശികളാണ് ഇവര്‍. മരിച്ച നാല് പേരും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനികളാണ്.

ജോയലും, ദിവ്യയും ബംഗളൂരുവിലെ രാജരാജേശ്വരി കോളേജിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനികളാണ്. തമിഴ്നാട്ടിലെ വെല്ലൂരിൽ വിഐടിയു കോളേജിലാണ് ജീനയും നിഖിതും പഠിക്കുന്നത്. മൈസൂരു ഭാഗത്ത് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ആദ്യം ഡിവൈറില്‍ ഇടിച്ചു. പിന്നീട്  എതിര്‍ദിശയില്‍ പോവുകയായിരുന്ന ട്രക്കിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാല് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ കാറിനുളളിൽ കുടുങ്ങി പോയതിനാല്‍ വളരെ പണിപ്പെട്ടാണ് നാട്ടുകാരും പൊലീസും ഇവരെ പുറത്തെടുത്തത്. രാത്രി ഒരു മണിക്കാണ് നാല് പേരും കാറുമായി ഇറങ്ങിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.വണ്ടി ഓടിച്ചിരുന്ന ജോയൽ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ്  പൊലീസ് നിഗമനം.