സ്വർണം കൊണ്ടു വരുന്ന വിവരം നേരത്തെ അറി‌ഞ്ഞവർ വിവിധ ക്വട്ടേഷൻ സംഘങ്ങളെ ഏകോപിപ്പിച്ചാണ് കവർച്ച നടത്തിയത്

തൃശ്ശൂര്‍:ദേശീയപാതയിൽ ചാലക്കുടി പോട്ട പാലത്തിന് സമീപം കാറിടിച്ച് സ്വർണ്ണം കവർന്ന സംഭവത്തിൽ മൂന്ന് പേർ കീഴടങ്ങി. ആളൂർ സ്വദേശികളായ ഷെഫീക്ക്,ജയൻ, പ്രസാദ് എന്നിവരാണ് കീഴടങ്ങിയത്. കേസിൽ ഇനിയും മൂന്ന് പേർ പിടിയിലാകാനുണ്ട് കഴിഞ്ഞ മാസം 15 ന് പുലർച്ചെയാണ് വിദേശത്ത് നിന്ന് കൊണ്ടു വന്ന 560 ഗ്രാം സ്വർണ്ണം പോട്ട ഫ്ലൈ ഓവറിൽ വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. 

സ്വർണ്ണം കൊണ്ടുപോയിരുന്ന വാഹനത്തിൽ കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കവർച്ച. സ്വർണം കൊണ്ടു വന്ന കാർ തട്ടിയെടുത്ത സംഘം പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. സ്വർണം കൊണ്ടു വരുന്ന വിവരം നേരത്തെ അറി‌ഞ്ഞവർ വിവിധ ക്വട്ടേഷൻ സംഘങ്ങളെ ഏകോപിപ്പിച്ചാണ് കവർച്ച നടത്തിയതെന്ന് പിന്നീട് വ്യക്തമായി.

കേസിൽ നേരത്തെ മൂന്ന് പേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികൾ ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരെഭിച്ചതായി പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.