ഒമ്പത് വയസ്സുകാരിയ്ക്കെതിരെ പീഡനം പ്രതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ഒമ്പത് വയസ്സ് പ്രായമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. ഇന്ന് രാവിലെ മരത്തിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുബ്ബയ്യ എന്ന 50കാരനെയാണ് വീടിന് 15 കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അവസാനമായി ബന്ധുക്കളെ വിളിച്ച ഇയാള്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവറായ സുബ്ബയ്യ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു. ഇയാളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. 

കുഞ്ഞിന് വയറുവേദനയും രക്തസ്രവവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഒന്നിലേറെ മുറിവുകളുള്ളതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനോട് ചോദിച്ചപ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവറായ അയല്‍വാസി തന്നെ ഉപദ്രവിച്ചതായി കുഞ്ഞ് പറഞ്ഞത്. 

പെണ്‍കുട്ടി ഇപ്പോഴും ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും ഉടന്‍ കണ്ടെത്തുമെന്നുമായിരുപന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. പ്രതിയെ കണ്ടെത്തി തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധകര്‍ ടയറുകള്‍ കൂട്ടിയിട്ട് തീയിടുകയും പ്രതിയുടെ മകനെയും ബന്ധുക്കളെയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.