ബറൂച്ച്, ഗുജറാത്ത്: 2007 അജ്മീര്‍ ദര്‍ഗ സ്ഫോടന കേസില്‍ ഒളിവിലായിരുന്ന മലയാളിയായ  സുരേഷ് നായര്‍ 11 വർഷത്തിനു ശേഷം അറസ്റ്റില്‍. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. സ്ഫോടകവസ്തുക്കള്‍ നല്‍കി എന്നതാണ് സുരേഷ് നായര്‍ക്കെതിരായ കുറ്റം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് ഇയാള്‍. 

മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് സുരേഷ് നായരാണെന്ന് രാജസ്ഥാൻ പൊലീസ്  കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുരേഷ് നായര്‍ നര്‍മദ നദീതീരത്തെ തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബറൂച്ചിൽ നിന്ന് പിടിയിലായത്.

കേസില്‍ സുരേഷ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഒളിവില്‍ പോയത്. സുരേഷ് നായരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സന്ദീപ് ദാങ്കെ, രാമചന്ദ്ര എന്നിവരാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. ഗുജറാത്ത് കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തിയ സുരേഷ് നായരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് കേരള പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിനായി സുരേഷ് നായര്‍ കേരളത്തില്‍ വന്നാല്‍ ബന്ധപ്പെടാറുള്ള വീടുകളുടെയും വ്യക്തികളുടെയും  വിലാസങ്ങളും രാജസ്ഥാന്‍ പൊലീസ് കേരള പൊലീസിന് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ സുരേഷ്‌ നായരുടെ കുടുംബം വല്ലപ്പോഴുമാണ് കേരളത്തില്‍ വരാറുള്ളതെന്നും ആറുവര്‍ഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് വന്ന സുരേഷ് പിന്നീട് വന്നിട്ടില്ലെന്നും കേരളം അന്ന് അറിയിച്ചിരുന്നു.

നേരത്തെ കേസിൽ പ്രതിയായിരുന്ന  അസിമാനന്ദ് ഉള്‍പ്പെടെ ഏഴ് പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം കോടതി വെറുതെ വിട്ടു. ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നിവര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ആദ്യം രാജസ്ഥാൻ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎക്ക് കൈമാറുകയായിരുന്നു. 2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്താണ് അജ്‌മീര്‍ ദര്‍ഗയില്‍ ബോംബ് സ്ഫോടനമുണ്ടായത്.