തിരുവനന്തപുരം: ഇടതു നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തുന്നതു സൂക്ഷിച്ചു വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സിപിഎം പ്രമേയം സംബന്ധിച്ച പിണറായി വിജയന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണു ഫേസ്ബുക്കിലൂടെയുള്ള വി.എസിന്റെ പ്രതികരണം. സംസ്ഥാനത്തു വിവാദ വ്യവസായം തഴച്ചുവളരുന്ന സാഹചര്യമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിത്. വിവാദ വ്യവസായം തഴച്ചു വളരാന്‍ ഇത് ധാരാളം മതി

പിണറായി വിജയന്‍ തന്നെക്കുറിച്ചു മോശം പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത കാണാനിടയായ സാഹചര്യത്തിലാണു ഫേസ്ബുക്കിലൂടെ പ്രതികരണമെന്നു വി.എസ്. പറയുന്നു. താന്‍ അങ്ങനെയൊരു പ്രയോഗം നടത്തിയിട്ടില്ലെന്നു പിണറായി വിശദീകരിച്ചതോടെ വിവാദം തീരേണ്ടതാണ്. പക്ഷേ, വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണു കാണുന്നത്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നുവരെ യുഡിഎഫിന്റെയും ബിജെപിയുടേയും നേതാക്കള്‍ പ്രസ്താവന നടത്തുന്നു. അതുകൊണ്ട് തെറ്റിദ്ധാരണയ്ക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടയാകുന്ന വാക്കുകള്‍ അബദ്ധവശാല്‍പ്പോലും ഇടതുപക്ഷ നേതാക്കളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല - വി.എസ്. പറയുന്നു.

'കാളപെറ്റതും കയറെടുത്തതും' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന പോസ്റ്റ്, അമേരിക്കയില്‍ ബിഷപ്പനോടു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചതും പിറ്റേന്നു വാര്‍ത്ത വന്നതും ചൂണ്ടിക്കാട്ടുന്ന കഥ പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ വായിക്കാം;