മുംബൈ: പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികം വൈകാതെ മരണം സംഭവിച്ചു. സുഹൃത്തും സിനിമാ പ്രവര്‍ത്തകനുമായ അശോക് പണ്ഡിറ്റാണ് മരണവിവരം അറിയിച്ചത്. രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തെ രാജ്യം 1990ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ അവസാനമായി സാന്നിദ്ധ്യമറിയിച്ചത്. പുരാവൃത്തം, സംവത്സരങ്ങള്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. 1976ല്‍ മറാത്തി സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സാന്നിദ്ധ്യമറിയിച്ചത്. ഹരിയാനയിലെ അംബാലയില്‍ ജനിച്ച അദ്ദേഹം പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍, പാകിസ്ഥാനി, ഹോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു.