ദില്ലി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നതില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും പരിഹസിച്ച് തെന്നിന്ത്യന്‍ താരവും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകാശ് രാജ്. 

എന്ത് കൊണ്ടാണ് ശീതകാലസമ്മേളനം ആരംഭിക്കാത്തത്.... സമ്മേളനം തുടങ്ങാന്‍ വേണ്ട തണ്ണുപ്പൊന്നും ആയില്ലേ... അതോ നിങ്ങള്‍ വേറെയെവിടെയെങ്കിലും തിരക്കിലാണോ... അതുമല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ചോദ്യങ്ങള്‍ക്കുത്തരം പറയുന്നത് നാണക്കേടാവും എന്നത് കൊണ്ടാണോ.... പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. 

അസഹിഷ്ണുതാ വിഷയത്തില്‍ സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രകാശ് രാജ് സ്വന്തം നിലപാടുകള്‍ മറ കൂടാതെ പറയുന്നതിലൂടെ ശ്രദ്ധ നേടിയ നടനാണ്. 

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നേരത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. 

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ലമെന്റ് കൂടിയാല്‍ ജിഎസ്ടി,നോട്ട് നിരോധനം,സാമ്പത്തികമാന്ദ്യം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ചയാവുമെന്നും അത് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശീതകാലസമ്മേളനം നീട്ടിവയ്ക്കുന്നതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.