Asianet News MalayalamAsianet News Malayalam

വെള്ളം രണ്ടാമത്തെ നിലയിലേക്കും കയറുന്നു; സഹായം അഭ്യര്‍ഥിച്ച് സലീംകുമാറും

സമീപവാസികളായ 35ഓളം പേരും സലീംകുമാറിനൊപ്പം വീട്ടിലുണ്ട്. വെള്ളം  രണ്ടാം നിലയിലേക്കും എത്തുമെന്നാണ് അദ്ദേഹം പറയുന്നത്

actor salim kumar also in panic beacuse of flood
Author
Paravur, First Published Aug 17, 2018, 4:57 PM IST

കൊച്ചി: കേരളത്തെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ അഭയം തേടി നടൻ സലിം കുമാർ. പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുള്ള സലിം കുമാറിന്‍റെ വീട്ടിലാണ് വെളളം കയറിയത്. സഹായം അഭ്യർത്ഥിച്ച് നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. ഇന്നലെയാണ് വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്.

ഇതിനെതുടർന്ന് വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച് പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, വീടിന് സമീപത്തുളള 35 ഓളം പേർ സഹായം തേടി വീട്ടിലെത്തി. തുടർന്ന് അവർക്കൊപ്പം വീട്ടിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീടിന്‍റെ താഴത്തെ നിലയിൽ മുഴുവനായും വെള്ളം കയറിയിട്ടുണ്ട്.

അതിനാൽ രണ്ടാം നിലയിൽ കയറി നിൽക്കുകയാണ്. കൂട്ടത്തിൽ നിരവധി പ്രായമായ ആളുകളുണ്ടെന്നും സലീം കുമാർ പറഞ്ഞു.  രണ്ടാം നിലയിലേക്ക് വെളളം എത്തിയാൽ പിന്നെ ടെറസിലേക്ക് കയറേണ്ടി വരും. എന്നാൽ വീട്ടിലെ ടെറസ് വളരെ ചെറുതാണ്. പോരാത്തതിന് അങ്ങോട്ടേയ്ക്ക് കയറുന്നതിനായി സ്റ്റെയർകേസോ ഒന്നും തന്നെയില്ല.

അതിനാൽ കയറി നിൽക്കുക എന്ന പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തന്‍റെ കൂട്ടത്തിൽ നിരവധി പ്രായമായവർ ഉണ്ടെന്നും സലീം കുമാർ കൂട്ടിച്ചേർത്തു. വെളളം ഉയരുകയാണെന്നും എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകർ എത്തി സഹായിക്കണമെന്നും നടൻ അഭ്യർത്ഥിച്ചു. ഇന്നലെ വീടിനു ചുറ്റും വെളളം നിറഞ്ഞതിനാൽ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ധർമ്മജനെയും കുടുംബത്തെയും രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വഞ്ചിയിലാണ്  രക്ഷാപ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വീട്ടിൽ വെള്ളം കയറിയതിനാൽ നടി മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാര്‍ അടക്കമുളള സംഘമാണ് മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

 

Follow Us:
Download App:
  • android
  • ios