തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ എഡിജിപി ബി സന്ധ്യക്ക്, പൊലീസ് മേധാവി നിർദ്ദേശം നൽകി. അന്വേഷണസംഘത്തിൽ ഏകോപനമില്ലെന്ന ആരോപണങ്ങൾ ഡിജിപി ലോക്നാഥ് ബെഹ്റ തളളിക്കളഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ഒന്നുമാകുന്നില്ലെന്ന് മുൻ പൊലീസ് മേധാവി സെൻകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു.
ഇതിന് തൊട്ടുപുറകെയാണ് പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുരോഗതി വിലയിരുത്താൻ അന്വേഷണചുമതലയുളള എഡിജിപി ബി സന്ധ്യയെയും ഐജി ദിനേന്ദ്രകശ്യപിനെയും വിളിച്ചുവരുത്തിയത്. അന്വേഷണം ഒരുകാരണവശാലും നീണ്ടുപോകരുതെന്ന് ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.
മതിയായ തെളിവുകൾ ശേഖരിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നും പൊലീസ് മേധാവി നിർദ്ദേശം നൽകി. ഇതിനിടെയാണ് അന്വേഷണ ചുമതലയിൽ നിന്ന് ബി സന്ധ്യയെ മാറ്റിയെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ആരെയും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്മേധാവിയുടെ പ്രസ്താവന തൊട്ടുപുറകെ. അന്വേഷണസംഘത്തെക്കുറിച്ച് അതൃപ്തിയില്ലെന്നും കൂടുതൽ ഉദ്യോഗസ്ഥരെ ഉൾക്കൊളളിക്കാനാണ് എഡിജിപിക്ക് നിർദ്ദേശം നൽകിയതെന്നും പൊലീസ് മേധാവി അറിയിച്ചു.
അതേസമയം,നിലവിലെ അന്വേഷണത്തിന്റെ ഏകോപനത്തിൽ പോരായ്മകളില്ലെന്ന് വിശദീകരിച്ച് എഡിജിപി ബി സന്ധ്യ , പൊലീസ് മേധാവിക്ക് കത്ത് നൽകി. ഒരാഴ്ചയ്ക്കകം കേസിന്റെ അന്തിമഘട്ടത്തിലേക്ക് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നറിയുന്നു
