കൊച്ചി: പോലീസില്‍ നിന്ന് തനിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സൂചന നല്‍കി നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മാധ്യമങ്ങളോട്. ഇത്രയും വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. എന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് വരാന്‍ പറയുമോ എന്നാണ് സുനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശരീര വേദന അനുഭവപ്പെട്ടന്ന് പറഞ്ഞതിനാല്‍ വൈദ്യ പരിശോധനക്ക് കൊണ്ടുപോകവേയാണ് സുനിലിന്റെ പ്രതികരണം. ഗുരുതര ആരോപണമാണ് സുനില്‍ പോലീസിനെതിരെ നടത്തിയത്. ചോദ്യം ചെയ്യലില്‍ ക്രൂരമായ മര്‍ദ്ദനമുണ്ടായെന്നാണ് സുനിലിന്റെ ആരോപണം. കഴിഞ്ഞ ദിവസം കടുത്ത ശരീര വേദന ഉണ്ടെന്നും മര്‍ദ്ദനമുണ്ടായെന്നും സുനില്‍ കോടതിയില്‍ പറഞ്ഞിരുന്നു. തന്നെ റിമാന്‍ഡില്‍ വാങ്ങിയത് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത് സംബന്ധിച്ച് അന്വേഷിക്കാനാണ്. എന്നാല്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലാണ് നടക്കുന്നതെന്നും സുനില്‍ വെളിപ്പെടുത്തി.