കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ്. മൊഴി പ്രസിദ്ധികരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസിന്റെ മേൽനോട്ട ചുമതലയുള്ള അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആണ് അപേക്ഷ നൽകിയത്. അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

അനുബന്ധ കുറ്റപത്രം പൊലീസ് ചോർത്തി നൽകി എന്നാരോപിച്ച് ദിലീപ് നൽകിയ പരാതിയിൽ വിധി പറയുന്നത് ജനുവരി 9 ലേക്ക് മാറ്റി. അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. പൊലീസ് ഗൂഢാലോചന നടത്തി കുറ്റപത്രം ചോർത്തി നൽകി എന്നാണ് ദിലീപിന്റെ ആക്ഷേപം. ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണ് എന്നും വാദങ്ങളിൽ കഴമ്പില്ല എന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.