സംസ്ഥാന ബജറ്റിന് സ്ത്രീപക്ഷ മുഖം കൊടുക്കാനുള്ള യഥാർത്ഥ കാരണം സിനിമാ രംഗത്തുനിന്ന് ഉയർന്ന ചില വിവാദങ്ങളും 'വറുത്ത മീന്‍' പരാമര്‍ശത്തെ തുടര്‍ന്ന് ഫേസ്ബുക്കിൽ ഉയർന്ന വിദ്വേഷ ചർച്ചകളാണെന്ന് ധനമന്ത്രി തോമസ് ഐസക്. 'വറുത്ത മീൻ' ഉദാഹരണമാക്കി ചലച്ചിത്രതാരം റിമ കല്ലിങ്കൽ ലിംഗപരമായ വിവേചനത്തെപ്പറ്റി പറഞ്ഞ പരാമർശം ഉദാഹരിച്ചായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസും ഹിന്ദു ദിനപ്പത്രവും സംയുക്തമായാണ് ധനമന്ത്രിയും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത ബജറ്റ് ചർച്ച സംഘടിപ്പിച്ചത്.
സദസിൽ നിന്ന് ഉയർന്ന ഒരു ചോദ്യത്തിന് മറുപടി ആയാണ് വനിതാക്ഷേമത്തിനായി ഏറ്റവും കൂടുതൽ തുക വകയിരുത്തിയ ബജറ്റിനെക്കുറിച്ച് ധനമന്ത്രി വിശദീകരിച്ചത്. ആളുകളുടെ പേരൊന്നും ഞാൻ പറയുന്നില്ല. സിനിമാ രംഗവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിൽ പുരുഷ കേസരികൾ ഫേസ്ബുക്കിൽ എന്തെല്ലാമാണ് എഴുതിക്കൂട്ടിയത്.. ? അതൊക്കെ വായിച്ചപ്പോൾ ഒരു നിലപാട് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നി. ലിംഗസമത്വത്തെക്കുറിച്ച് വീട്ടിൽ ഭക്ഷണം വിളമ്പുന്നതിലും ആരോഗ്യ പരിപാലനത്തിന്‍റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ഒക്കെ ലിംഗപരമായ അസമത്വം നില നിൽക്കുന്നുണ്ട്.
എന്‍റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ്; റിമ കല്ലിങ്കല്‍
ഞാന്‍ ക്ലാസെടുക്കാന്‍ പോകുന്നിടത്തൊക്കെയും ഇത് പറയാറുണ്ട്. ആരാണ് പറയാത്തത്, എല്ലാവർക്കും അറിയുന്ന കാര്യമാണിത്. വറുത്ത മീൻ സംബന്ധിച്ച് ഒക്കെ വന്ന പരാമർശം ലിംഗസമത്വം സംബന്ധിച്ചാണ്. സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന ആളുകൾ പോലും തമാശ എന്ന മട്ടിൽ അതേപ്പറ്റി പലതും എഴുതി. ഇത് കേരളത്തിന് അപമാനമാണ്, ഈ സംസ്ഥാനം എങ്ങോട്ടാണ് പോകുന്നത്...? അതുകൊണ്ട് മാത്രമാണ് ഈ രീതിയിൽ നിലപാടെടുത്തത് എന്നായിരുന്നു ഡോ. ഐസക്കിന്‍റെ വാക്കുകൾ. വനിതാക്ഷേമത്തിനായി 1267 കോടി രൂപയാണ് സംസ്ഥാന ബജറ്റ് നീക്കിവച്ചത്.

