തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അതേസമയം ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഐഎംജിയില്‍ തന്നെയെന്ന് വ്യക്തമായി. കമ്മീഷന്‍ ഓഫീസ് ഐഎംജിയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. കമ്മീഷന്റെ പ്രവര്‍ത്തന ചെലവ് കണക്ക് കൂട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറന്നാല്‍ മാത്രമെ, നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്താനാകുവെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ചിരുന്ന വാദം. ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും, ഇക്കാര്യത്തില്‍ വി എസ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് ചുമതല ഏറ്റെടുക്കാന്‍ വി എസ് തയ്യാറായിരുന്നില്ല. ഇത് രാഷ്‌ട്രീയ വിവാദമാകുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ സംബന്ധിച്ചുള്ള വിശദീകരണം മുഖ്യമന്ത്രി ഇന്ന് സഭയില്‍ നല്‍കിയത്. ഇതോടെ ഈ വിഷയത്തിലുള്ള എതിര്‍പ്പുമായി വി എസ് രംഗത്തുവരുമെന്നാണ് സൂചന.