തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സക്കറിയയും അടൂര്‍ ഗോപാലകൃഷ്ണനും. ദില്ലിയില്‍ അധികാരമുള്ളതിന്റെ നെഗളിപ്പാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിനെന്ന് സക്കറിയ പറഞ്ഞു. കമലിനും എം.ടിക്കുമെതിരായ പ്രസ്താവന പിന്‍വലിച്ച് ബിജെപി നേതൃത്വം ഖേദം പ്രകടിപ്പിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. രാജ്യസ്നേഹവും ദേശീയഗാനവും ബിജെപിയു‍ടെ സ്വത്തല്ലെന്നും അടൂര്‍ തുറന്നടിച്ചു.

എം.ടിക്കും കമലിനുമെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ മാനവ ജാഗ്രത കൂട്ടായ്മയാണ് വേദി. അധ്യക്ഷനായ സക്കറിയ പ്രതിഷേധം മറച്ചുവെക്കാതെ തുടങ്ങി. തുടര്‍ന്ന് സംസാരിച്ച അടൂര്‍ കമലിനോട് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറയാന്‍ ആരാണ് ബിജെപി നേതാക്കള്‍ക്ക്  അധികാരം നല്‍കിയതെന്ന് ചോദിച്ചു.

എം.ടിക്കെതിരായി ഒരു മലയാളി ശബ്ദമുയര്‍ത്തുമെന്ന് ഒരിക്കലും താന്‍ കരുതിയില്ലെന്ന് ചടങ്ങില്‍ സംവിധായകന്‍ ടിവി ചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ മാനവ ജാഗ്രത പ്രതിഞ്ജയുമെടുത്താണ് സാംസ്കാരിക നായകരും നാട്ടുകാരും പരിഞ്ഞത്.