യുഡിഎഫിന്റെ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള നേരത്തെ ആരോപിച്ചിരുന്നു.

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടവെ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് ഉയരുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് പിന്നോട്ട് പോയില്ല. അതിനിടെ ബിജെപിയുടെ വോട്ടുകള്‍ കൂടി എല്‍ഡിഎഫിന് കിട്ടിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഡി വിജയകുമാര്‍ രംഗത്തെത്തി. വോട്ടു കുറഞ്ഞത് അന്വേഷിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു. 

യുഡിഎഫിന്റെ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള നേരത്തെ ആരോപിച്ചിരുന്നു. താന്‍ കണക്ക്കൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. നാലാം റൗണ്ട് വോട്ടെണ്ണലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ഇവിടെയും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് ലീഡ്.