തിരുവനന്തപുരം/കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഇന്നും സാധിച്ചില്ല. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടാമെത്തിയ എ ഇ ഒ മടങ്ങുകയായിരുന്നു. അതേസമയം പൊലീസ് സുരക്ഷ ഒരുക്കിയാല്‍ സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന് എ ഇ ഒ അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നത്. കഴിഞ്ഞദിവസം സ്‌കൂള്‍ പൂട്ടാന്‍ എത്തിയപ്പോള്‍ വലിയ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. പൊലീസ് ബലപ്രയോഗം നടത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാകുകയും ചെയ്‌തിരുന്നു.

അതേസമയം ഒരു സ്‌കൂളും അടച്ചുപൂട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കച്ചവടമല്ല വിദ്യാഭ്യാസം. മലാപ്പറമ്പ് സ്‌കൂള്‍ സ്‌കൂളായിത്തന്നെ നിലനിര്‍ത്തുമെന്നും നാളെ തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്‌കൂള്‍ അടച്ചുപൂട്ടാതിരിക്കാന്‍ നിയമപരമായ അനുമതി നേടിയ ശേഷം ധനവകുപ്പുമായി ആലോചിച്ച് പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.