ദില്ലിയിലെ മെഹ്‍റോളിയിൽ വീണ്ടും ആഫ്രിക്കൻ വംശജർക്ക് നേരെ ആക്രമണശ്രമം. ക്രിക്കറ്റ് ബാറ്റുകളും വടികളുമുപയോഗിച്ച് ആഫ്രിക്കക്കാർ കഴിയുന്ന തെരുവുകളിൽ ഒരു സംഘം ആളുകൾ അക്രമമഴിച്ചുവിട്ടുവെന്നാണ് പരാതി. ആറ് ആഫ്രിക്കൻ വംശജർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞയാഴ്ച കോംഗോ സ്വദേശിയായ മസോണ്ടാ കെറ്റാഡ ഒളിവിയർ എന്ന യുവാവിനെ ദില്ലിയിൽ ഒരു സംഘമാളുകൾ തല്ലിക്കൊന്നിരുന്നു. ആഫ്രിക്കൻ വംശജർക്കെതിരായ വംശീയാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും ദില്ലി ലഫ്റ്റനന്‍റ് ഗവർണർ നജീബ് ജംഗുമായും ചർച്ച നടത്തി. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് ദില്ലി പൊലീസ് ഉറപ്പ് നൽകിയെന്നും വംശീയാധിക്ഷേപത്തിനെതിരെ ബോധവൽക്കരണപരിപാടികൾ നടത്തുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.