ശബരിമലയിലേക്ക് സൈന്യം പാലം നിർമ്മിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പന്പ ത്രിവേണിയിൽ 100 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. പ്രദേശത്ത് പുതിയ ഒരു നിർമ്മാണവും നടത്തില്ലെന്ന് ബോർഡ് പ്രസിഡന്‍റ്  എ. പത്മകുമാർ പറഞ്ഞു.

പത്തനംതിട്ട: ശബരിമലയിലേക്ക് സൈന്യം പാലം നിർമ്മിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പന്പ ത്രിവേണിയിൽ 100 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. പ്രദേശത്ത് പുതിയ ഒരു നിർമ്മാണവും നടത്തില്ലെന്ന് ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു.

പ്രളയം ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്നാണ് ശബരിമലയിലേക്കുള്ള പ്രവേശന മേഖലയായ പമ്പാ ത്രിവേണി. ഇവിടെ ഉണ്ടായിരുന്ന ദേവസ്വം ബോർഡിന്‍റെ കെട്ടിടങ്ങളെല്ലാം വെള്ളത്തിൽ ഒഴുകി പോയി. 

പമ്പയെ മറുകരയുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് പാലങ്ങളും മണ്ണിനടിയിലാണ്. നദി ഗതിമാറി ഒഴുകുന്നു. നേരത്തെ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം മണ്ണ് അടിഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശിക്കാൻ കഴിയില്ല. പൂജ ദ്രവ്യങ്ങൾ കാനനപാതിയിലൂടെയാണ് എത്തിച്ചത്. 

ഹിൽടോപ്പ് നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് സൈന്യം ഇടപ്പെട്ട് താത്കാലിക പാലം നിർമ്മിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. നിലവിലെ ശബരിമല പാത പലയിടത്തും തകർന്ന് പോയതിനാൽ പമ്പയിലേക്ക് എത്താനും കഴിയില്ല. തീർത്ഥാടകർ മലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ബോർഡ് നിർദേശിക്കുന്നുണ്ട്.