16 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്ക് പാര്‍ലമെന്‍റിലേക്ക് എത്തുന്ന ഹിന്ദു അംഗംതെരഞ്ഞെടുക്കപ്പെട്ടത് പി.പി.പി സ്ഥാനാര്‍ത്ഥി
ഇസ്ലാമാബാദ്: വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്‍ പാര്‍ലമെന്റിലേക്ക് ഒരു ഹിന്ദു സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ മഹേഷ് കുമാര്‍ മലാനിയാണു ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. തെക്കന്‍ സിന്ധ് പ്രവിശ്യയിലെ തര്‍പാര്‍ക്കര്‍ മണ്ഡലത്തില്‍നിന്നാണ് മലാനി മത്സരിച്ചത്. മുസ്ലിം അല്ലാത്തവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി വന്ന് 16 വര്‍ഷത്തിനുശേഷമാണ് പാക്കിസ്ഥാന്‍ പാര്‍ലമെന്റിലേക്ക് ഒരു ഹിന്ദു സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടുന്നത്.
മലാനിക്ക് 1,06,630 വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചു. തൊട്ടുപിന്നിലെത്തിയ ഗ്രാന്‍ഡ് ഡമോക്രാറ്റിക് അലയന്‍സ് (ജിഡിഎ) സ്ഥാനാര്‍ഥി അര്‍ബാബ് സക്കവുല്ലയ്ക്ക് 87,251 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 2013ല്‍ സിന്ധ് അംസംബ്ലിയിലേക്ക് ജനറല്‍ സീറ്റില്‍ നിന്ന് മലാനി മത്സരിച്ച് വിജയിച്ചിരുന്നു. 2003-08 കാലത്ത് പിപിപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പാര്‍ലമെന്റിലെ സംവരണ സീറ്റില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മലാനി ഉള്‍പ്പടെ പതിനാല് സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി തര്‍പാര്‍ക്കറില്‍ മത്സരിച്ചത്. 2002ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫാണു ഭരണഘടനാഭേദഗതിയിലൂടെ മുസ്ലിം അല്ലാത്തവര്‍ക്കും പൊതുതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള നിയമം കൊണ്ടുവന്നത്.
പാക്ക് പാര്‍ലമെന്റില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ആകെ 10 സംവരണ സീറ്റുകളാണുള്ളത്. ഈ സീറ്റുകളില്‍ 50 എണ്ണം സ്ത്രീകള്‍ക്കുള്ളതാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച പിപിപിയുടെ ഹിന്ദു സ്ഥാനാര്‍ത്ഥി കൃഷ്ണകുമാരിയാണു സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിത.
