Asianet News MalayalamAsianet News Malayalam

പി കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി; ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യം

പി കെ ശശിക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് പരാതിക്കാരിയുടെ ആവശ്യം. പെണ്‍കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു .

again complaint against p k sasi
Author
Delhi, First Published Dec 16, 2018, 11:38 AM IST

ദില്ലി: ലൈംഗിക പീഡനപരാതിയിൽ ഷൊർണ്ണൂർ എം എൽ എ പി കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി.  പി കെ ശശിക്കെതിരെ കൂടുതൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നീക്കം. നടപടി പുനപരിശോധിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാന ഘടകം കേന്ദ്ര കമ്മിറ്റി യോഗത്തെ അറിയിക്കും.

പി കെ ശശിക്കെതിരായ നടപടി ഫോൺവിളിയുടെ പേരിൽ മാത്രം ഒതുക്കിയതിനെതിരെ പരാതിക്കാരി നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു. ഇന്നലെ പുറത്തു വന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും ലൈംഗികാതിക്രമ പരാതിക്ക് തെളിവില്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതി. അന്വേഷണ കമ്മീഷൻറെ നിഗമനങ്ങൾ ശരിയല്ലെന്നും നീതി കിട്ടണമെന്നും പുതിയ കത്തിൽ ആവശ്യപ്പെടുന്നു. 

കേന്ദ്രകമ്മിറ്റി യോഗത്തിൽ സംഘടനാവിഷയങ്ങൾ വൈകീട്ട് പരിഗണിക്കുമ്പോൾ പരാതി കിട്ടിയ വിഷയവും ചർച്ചയ്ക്ക് വരും. പി കെ ശശിയെ ജാഥാക്യപ്റ്റനാക്കിയതിനെതിരെ വിഎസ് അച്യുതാനന്ദനും കഴിഞ്ഞ മാസം പരാതി അയച്ചിരുന്നു. അതേസമയം നടപടിയിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന ഒരു സൂചനയും കേന്ദ്ര നേതാക്കൾ നല്കുന്നില്ല. അന്വേഷണ കമ്മീഷൻ വിശദമായി ചർച്ച നടത്തിയ ശേഷമാണ് നടപടി തീരുമാനിച്ചതെന്നും ഇതിൽ മാറ്റത്തിൻറെ ആവശ്യമില്ലെന്നും സംസ്ഥാന ഘടകം വാദിക്കുന്നു. കേന്ദ്ര നേതാക്കളെ സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചിട്ടുണ്ട്. സിസിയിൽ ചർച്ചയുണ്ടായാലും ഇക്കാര്യം വ്യക്തമാക്കാനാണ് ധാരണ. 

സാധാരണ കേരളത്തിലെയും പശ്ചിമബംഗാളിലെയും ഘടകങ്ങൾ കൈക്കൊള്ളുന്ന അച്ചടക്കനടപടികൾ സിസി തിരുത്താറില്ല. ശക്തമായ ഘടകങ്ങൾ എന്ന നിലയ്ക്ക് എല്ലാ വശവും പരിശോധിച്ച് നടപടി എടുക്കാനുള്ള ശേഷിയുള്ളതാണ് ഈ ഘടകങ്ങളെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ജനറൽ സെക്രട്ടറിയോ കേന്ദ്രനേതൃത്വത്തിലെ വനിതാ നേതാക്കളോ മറിച്ചൊരു ആവശ്യം ഉന്നയിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios