ഇടുക്കി: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 2000 പച്ചക്കറി ചന്തകള്‍ തുറക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 1500 പച്ചക്കറി ചന്തകളാണ് കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും വി.എഫ്.പി.സി.കെയും ചേര്‍ന്ന് തുറന്നത്. മൂന്നാര്‍ മേഖലയില്‍ നിന്നും കൂടുതല്‍ പച്ചക്കറി സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ ശീതകാല തോട്ടങ്ങളില്‍ നിന്നും 5000 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സംഭരിക്കുന്നതില്‍ നിന്നും കൂടുതലായി എത്ര സംഭരിക്കാമെന്ന കാര്യം 26ന് ജില്ലയില്‍ എത്തുന്ന അവസരത്തില്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിക്കും. 

ജില്ലയിലെ കര്‍ഷകര്‍ക്ക് പരമാവധി വില ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കും. ഇവിടെ നിന്നും ലഭ്യമാകുന്ന ശീതകാല പച്ചക്കറികളുടെ അളവ് കണക്കാക്കിയശേഷമേ സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുകയുള്ളൂ. ഓണക്കാത്ത് 34,000 മെട്രിക് ടണ്‍ പച്ചക്കറി വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. ഇതിനുപുറമെ ഓണക്കാലത്ത് കുടുംബശ്രീ, സഹകരണ വകുപ്പ്, സിവില്‍ സപ്ലൈസ് എന്നിവയുടെ ആഭിമുഖ്യത്തിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങള്‍ ഉണ്ടാകും.

വട്ടവടയിലെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഈ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം മികച്ച വില ലഭ്യമാകുന്നുണ്‍ണ്ട്. വട്ടവട മേഖലയില്‍ ഗ്രാമീണ്‍ ബാങ്ക് ശാഖ അനുവദിച്ചതിനാല്‍ വില്‍ക്കുന്ന അന്നുതന്നെ വിലയുടെ 50 ശതമാനം ലഭിക്കുന്നണ്ട്. 2-3 ആഴ്ചകള്‍ക്ക് ശേഷം ബാക്കി തുക ലഭിക്കും. നേരത്തെ മൂന്നുമാസം കഴിഞ്ഞാണ് ലഭിച്ചിരുന്നത്. വായ്പ നല്‍കുന്നത് സംബന്ധിച്ച് ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ പുലര്‍ത്തുന്ന സമീപനത്തെ കുറിച്ചുള്ള പരാതി ബാങ്കിംഗ് അവലോകന യോഗത്തില്‍ ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു.