ഇത്തവണത്തെ വരള്‍ച്ച കേരളത്തിലെ കാര്‍ഷിക ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകൂട്ടല്‍. പാലക്കാട് ജില്ലയില്‍ മാത്രം ഇക്കുറി പതിനായിരം ഹെക്ടറില്‍ കൃഷിയിറക്കിയില്ല. സമാന സാഹചര്യമാണ് മിക്ക ജില്ലകളിലും. സംസ്ഥാന സര്‍ക്കാരിന് മാത്രം ഈ നഷ്ടം നികത്താനാവില്ല. കേന്ദ്രസഹായം കൂടിയേ തീരൂ. ഇതിനുവേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരെ കാണാനാണ് പദ്ധതിയെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു 

കൃഷിഭൂമി കൃഷിക്കാരനെന്ന മുദ്രാവാക്യമാണ് മുമ്പ് ഉണ്ടായതെങ്കില്‍ കൃഷി ഭൂമി കൃഷിക്കുമാത്രം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റേത്. കാല്‍നൂറ്റാണ്ടിനുശേഷം വിത്തിറക്കിയ റാണി കായലിലെ 520 ഏക്കര്‍ പാടത്തെ വിളവെടുപ്പിന് മന്ത്രി തുടക്കം കുറിച്ചു. കുട്ടനാട്ടിലെ ഈ കായല്‍ നിലങ്ങളെ ജൈവ നെല്‍വിത്ത് ഉദ്പാദന കേന്ദ്രങ്ങളാക്കുന്ന കാര്യം ആലോചിക്കും. മെത്രാന്‍ കായലില്‍ വ്യാജരേഖ ചമച്ച് വ്യക്തികള്‍ സ്ഥലം കൈവശം വച്ചിട്ടുണ്ടെങ്കില്‍ അത് പിടിച്ചെടുക്കുമെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.