ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ച് രാജ്യസഭയില്‍ ഇന്ന് ഹ്രസ്വ ചര്‍ച്ച നടക്കും. ഭുപീന്ദര്‍ യാദവ്, സുബ്രമണ്യന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പടെ ബിജെപിയുടെ ഏഴ് എംപിമാരാണ് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്കിയത്. സോണിയാഗാന്ധിയെ നേരിട്ട് ലക്ഷ്യം വയ്ക്കാന്‍ ബിജെപി തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സഭ പ്രക്ഷുബ്ധധമാകാനാണ് സാധ്യത. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം മാറ്റിവച്ച് ദില്ലിയിലെത്തിയ മുന്‍പ്രതിരോധ മന്ത്രി എകെ ആന്റണി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കും. 

ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം ആന്റണി മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ ചര്‍ച്ച നടക്കുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ച് ആലോചിക്കാന്‍ സോണിയാഗാന്ധിയുടെ വസതിയില്‍ ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നു. 

വിജയ് മല്യയെ പുറത്താക്കണമെന്ന പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയും രാജ്യസഭ ഇന്ന് പരിഗണിക്കും. മല്യയുടെ രാജി ഇന്നലെ രാജ്യസഭ ചെയര്‍മാന്‍ ഹമീദ് അന്‍സാരി തള്ളിയിരുന്നു