ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റർ അഴിമതി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് എന്നിവര്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദ്ദേശം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഭിഭാഷകനായ എം.എൽ. ശര്‍മ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നൽകിയത്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിനെ കുറിച്ചുള്ള എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ കുറ്റപത്രം നൽകുമെന്നും കേന്ദ്ര സര്‍ക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേകം കേസെടുക്കാൻ നിര്‍ദ്ദേശം നൽകേണ്ടതില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യക്ക് 12 അത്യാധുനിക എ.ഡബ്ല്യു-101 ഹെലികോപ്ടറുകള്‍ വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ കരാര്‍ നേടുന്നതിനായി സര്‍ക്കാറിന് 67 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. അതിവിശിഷ്ട വ്യക്തികളുടെ യാത്രക്കായി 12 ഹെലികോപ്റ്റര്‍ വാങ്ങാനായിരുന്നു ഇന്ത്യയുടെ തീരുമാനം.
ഇതിനായി 735 ദശലക്ഷം വിലയുള്ള അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റേഴ്സിന്റെ കരാറില്‍ ഇന്ത്യയും ഇറ്റലിയും ഒപ്പുവെച്ചു. കരാര്‍ പ്രകാരം ഇന്ത്യ മൂന്ന് ഹെലികോപ്റ്ററുകള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ ഇടപാടില്‍ അഴിമതി നടന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാറിലെ പ്രതിരോധ മന്ത്രി എകെ ആന്റണി കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇടപാട് റദ്ദാക്കി.
