കാവേരി മാനേജ്മെന്‍റ് ബോര്‍ഡിനായുള്ള അണ്ണാ ഡിഎംകെ സമരം ഒത്തുകളിയാണെന്ന ആരോപണത്തിനിടയില്‍ എഡിഎംകെയെ പ്രതിരോധത്തിലാക്കി പുതിയ വാര്‍ത്ത

ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോര്‍ഡിനായുള്ള അണ്ണാ ഡിഎംകെ സമരം ഒത്തുകളിയാണെന്ന ആരോപണത്തിനിടയില്‍ എഡിഎംകെയെ പ്രതിരോധത്തിലാക്കി പുതിയ വാര്‍ത്ത. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന നിരാഹാര സമരത്തില്‍ മദ്യവും ബിരിയാണിയും വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇതോടെ പാര്‍ലമെന്‍റിനകത്തും പുറത്തും എ.ഡി.എം.കെ നടത്തുന്ന സമരം വെറും പ്രഹസനമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. 

വെല്ലൂര്‍, കോയമ്പത്തുര്‍, സേലം എന്നിവിടങ്ങളിലാണ് നിരാഹാര സമരക്കാര്‍ക്കായി ബിരിയാണി വിളമ്പിയത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണിവരെയായിരുന്നു സമരം. സംസ്ഥാനമൊട്ടാകെ നടന്ന സമരത്തിന് എഐഎഡിഎംകെ മന്ത്രിസഭ ഒന്നടങ്കം പിന്തുണ നല്‍കിയിരുന്നു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും സംസ്ഥാനത്തുടനീളം ഓടിനടന്ന് സമരത്തില്‍ പങ്കെടുത്തു.

കേന്ദ്രത്തിനെതിരെ എഐഎഡിഎംകെ നടത്തുന്ന സമരത്തിന് ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുമാണ് ഈ സമരമെന്നാണ് ചിത്രങ്ങള്‍ പറയുന്നത്. സമരത്തില്‍ പ​ങ്കെടുത്ത പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ബിരിയാണിയും മദ്യവും അകത്താക്കുന്നത്. സമരത്തിലേക്ക് ആളെക്കൂട്ടാനുള്ള തന്ത്രം കൂടിയായിരുന്നു ഇതെന്നും കരുതുന്നു.