ട്വന്റി20 ലോകകപ്പിലെ നിർണ്ണായക സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ക്രമത്തിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്.
കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിലെ നിര്‍ണ്ണായകമായ സൂപ്പര്‍-8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ക്രമത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മത്സരത്തില്‍ സിംബാബ്വെക്കെതിരെ ആറാം നമ്പറില്‍ ഇറങ്ങിയ തിലക് വര്‍മ്മ വെറും 16 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.
ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 41 പന്തില്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ തിലക്, മൂന്ന് ഫോറുകളും നാല് സിക്‌സറുകളുമാണ് പറത്തിയത്. എന്നാല്‍ ഇതേ പൊസിഷനില്‍ തന്നെ താരം അടുത്ത മത്സരത്തിലും ഇറങ്ങുമെന്ന് ഉറപ്പില്ലെന്ന് ഡോഷേറ്റ് വ്യക്തമാക്കി. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''നാളെ അദ്ദേഹം അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ തന്നെ ബാറ്റ് ചെയ്യുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. നമുക്ക് ഇപ്പോള്‍ ഒരുപാട് ഓപ്ഷനുകളുണ്ട്. സഞ്ജു സാംസണ്‍ ടോപ്പ് ഓര്‍ഡറില്‍ തിളങ്ങുന്നത് നമ്മള്‍ കണ്ടതാണ്. എതിര്‍ ടീമിന്റെ ബൗളിംഗ് കോമ്പിനേഷന്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തും.'' ടെന്‍ ഡോഷേറ്റ് പറഞ്ഞു.
ഇന്ത്യക്ക് ജയം അനിവാര്യം
സൂപ്പര്‍-8 ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സെമി ഫൈനലില്‍ കടക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതോടെ, അടുത്ത മത്സരത്തില്‍ ഏത് മാര്‍ജിനില്‍ ജയിച്ചാലും ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാം.
ചരിത്രം വെല്ലുവിളിയാകുമോ?
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമിന് ചരിത്രപരമായ കണക്കുകള്‍ വലിയ വെല്ലുവിളിയാണ്. ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഈ മോശം റെക്കോര്‍ഡ് മറികടന്ന് സെമിയിലെത്തുക എന്നതാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. തിലക് വര്‍മ്മയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് മധ്യനിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ടെന്നും, ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ താരം പ്രാപ്തനാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

