ദില്ലി: ദില്ലിയിലെ നജാഫ്ഗഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 38 വയസുള്ള ഒരു യാത്രക്കാരനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കു പരിക്കേറ്റ ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് അറിയുന്നത്.
ചെറുവിമാനത്തില്‍ എട്ടോളം യാത്രക്കാരുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു ദുരന്തം. തെക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രദേശമാണ് ദുരന്തമുണ്ടായ നജാഫ്ഗഡ്. പാറ്റ്‌നയില്‍നിന്നും വന്ന എയര്‍ ആംബുലന്‍സ് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് തകര്‍ന്നത്. നജാഫ്ഗഡിലെ കെയര്‍ ഗ്രാമത്തിലെ പാടത്ത് ചെറുവിമാനം ഇടിച്ചിറങ്ങുകയായിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
