എക്കണോമി ക്ലാസിലെ മൂന്നാം നിര മുഴുവനായി സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കും. ജനുവരി 18 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര സര്‍വ്വീസുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് അനില്‍ മേത്ത അറിയിച്ചു. ഇക്കണോമി ക്ലാസിലെ ആദ്യ രണ്ട് നിരയിലെ സീറ്റുകള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കി വില്‍ക്കുന്നതിനാലാണ് മൂന്നാമത്തെ നിര സംവരണം ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യമായാണ് ഒരു എയര്‍ലൈന്‍ കമ്പനി ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്. 

മുംബൈയില്‍ നിന്നുള്ള ഒരു ആഭ്യന്തര വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ മറ്റൊരു യാത്രക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി അടുത്തിടെയാണ് പുറത്തുവന്നത്. തന്റെ ബിസിനസ് ക്ലാസ് സീറ്റ് ഉപേക്ഷിച്ചാണ് ഇയാള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് പോയിരുന്നത്. സംഭവം യുവതി പരാതിപ്പെട്ടതോടെ എല്ലാ വിമാനങ്ങളിലും സീറ്റുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് നിര്‍മ്മിതമായ ഒരു നിയന്ത്രണ സംവിധാനം സ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.