വായുമലിനീകരണം ഏറ്റവും കുടൂതലുള്ള 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലേതാണെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ദില്ലി: രാജ്യത്ത് 2017ൽ വായുമലിനീകരണത്തെ തുടർന്ന് മരിച്ചത് 12.4 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പുകവലിയേക്കാൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‌ദില്ലിയിലാണ് രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ളതെന്ന് ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശും ഹരിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലേതാണെന്നും വായുമലിനീകരണം മൂലം ഉണ്ടാകുന്ന 26 ശതമാനം അകാല മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

12.4 ലക്ഷത്തോളം പേരിൽ 4.8 ലക്ഷം പേര്‍ വീടുകളില്‍ നിന്നുണ്ടാകുന്ന മലിനീകരണം കാരണവും 6.7 ലക്ഷം പേര്‍ പുറമേ നിന്നുള്ള മലിന വായു ശ്വസിച്ചതിലൂടെയുമാണ് മരിച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 70ന് താഴെ പ്രായമുള്ളവരിൽ പകുതിയോളം പേരും മരിച്ചത് വായു മലിനീകരണം മൂലമാണ് . വായു മലിനീകരണത്തിന്റെ തോത് കുറയ്ക്കാനായ‌ാൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 1.7 വർഷം വരെയെങ്കിലും കൂട്ടാനാകുമെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, വായുമലിനീകരണം ഏറ്റവും കൂടൂതലുള്ള 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലേതാണെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മലിനവായു ശ്വസിക്കുന്നത് കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക് ആന്‍റ് ഇവാലുവേഷൻ ഡയറക്ടർ പ്രഫ. ക്രിസ്റ്റഫർ മുറെ പറഞ്ഞു.