കൊല്ലം: കൊല്ലം മുഖത്തലയില്‍ എഐഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ ചിത്രമുള്ള ബാനര്‍ അടിച്ച് തകര്‍ത്തു

എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗീരീഷിനാണ് ഇന്ന് പുലര്‍ച്ചെ വെട്ടേറ്റത്. ബൈക്കിലെത്തിയ ഒരു സംഘം കാറ്റാടിക്കഴ ഉപയോഗിച്ച് ഗിരീഷിനെ അടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗീരീഷിന്റ പല്ല് മുഴുവനും നഷ്ടപ്പെട്ടു. രണ്ടാഴ്ച മുന്‍പ് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയോഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയിരുന്നു. അന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും പാര്‍ട്ടി ഓഫീസുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ഗീരീഷിന് നേരെയുള്ള ആക്രമണമെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ അഞ്ച് ഡിവൈഎഫ് നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു. അഞ്ച് പേരും ഒളിവിലാണ്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്ന് സിപിഐ ആരോപിച്ചു. സിപിഐ കൊല്ലം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ പ്രാദേശികമായ ചില തര്‍ക്കങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു. പാര്‍ട്ടിക്ക് സംഭവത്തില്‍ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി.