മേഖലയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലും ഹോർമൂസിലെ പ്രതിസന്ധികൾ നിലനിൽക്കെയും പ്രാധാന്യമുള്ളതാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവിന്റെ സന്ദർശനം
ദുബായ്: ഊർജ്ജ സുരക്ഷയും മേഖലയിലെ സംഘർഷവും സുപ്രധാന ചർച്ചയാക്കി ഗൾഫിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദർശനം. സൗദിക്ക് പിന്നാലെ യുഎഇയിലും അദ്ദേഹം സന്ദർശനം നടത്തി. യുഎഇ പ്രസിഡണ്ടുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഒഴുക്കിൽ ഗൾഫ് രാജ്യങ്ങളുടെതാണ് മുഖ്യ പങ്ക്. അതിൽത്തന്നെ സൗദിയും യുഎഇയും മുന്നിൽ. പ്രകൃതി വാതകത്തിന്റെ കാര്യത്തിൽ ഗൾഫ് അതിപ്രധാനം. പത്തു വർഷത്തേക്ക് ഇന്ത്യയ്ക്ക് പ്രകൃതിവാതകം നൽകുന്ന കരാർ യുഎഇ ഒപ്പിട്ടത് ഈയിടെയാണ്. ഇതിനിടെയാണ് യുദ്ധമുണ്ടായത്. മേഖലയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലും ഹോർമൂസിലെ പ്രതിസന്ധികൾ നിലനിൽക്കെയും പ്രാധാന്യമുള്ളതാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവിന്റെ സന്ദർശനം. മേഖലയിലെ ക്രൂഡോയിൽ നീക്കങ്ങളെ ബാധിക്കുന്ന ഓരോ സംഭവങ്ങളും ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കും.
യുഎഇ പ്രസിഡണ്ടുമായി അജിത് ഡോവൽ കൂടിക്കാഴ്ച്ച നടത്തി. ആഗോള ഊജ്ജ സുരക്ഷയിൽ മേഖലയിലെ സംഘർഷമുണ്ടാക്കുന്ന പ്രതിസന്ധികൾ ഇന്ന് ചർച്ചയായി. പ്രധാനമന്ത്രിയുടെ ആശംസ യുഎഇ പ്രസിഡണ്ടിനും തിരിച്ചും കൈമാറി. ഊർജ്ജ സുരക്ഷയ്ക്കൊപ്പം ഗൾഫ് മേഖലയിലെ തന്ത്രപ്രധാന സഹകരണം ഇന്ത്യയ്ക്ക് അതീവ പ്രാധാന്യമുള്ളതാണ്. ചുരുക്കത്തിൽ വിവിധ മേഖലകളിൽ അതീവ പ്രാധാന്യമുള്ള സന്ദർശനമാണ് പുരോഗമിക്കുന്നത്.


