കേരളത്തിലെ നേതാക്കളെയെല്ലാം വേദിയിലിരുത്തിയായിരുന്നു എ കെ ആന്‍റണിയുടെ മുന്നറിയിപ്പ്. ജനവികാരം എത്ര അനുകൂലമായാലും കീഴ്ത്തട്ടിൽ പ്രവർത്തിച്ചില്ലെങ്കിൽ ചെങ്ങന്നൂർ ആവർത്തിക്കുമെന്നും ആന്‍റണി.
കൊച്ചി: കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ യോഗത്തിനായി കൊച്ചിയില്‍ എത്തിയത് വന്‍ജനാവലി. മറൈന്‍ ഡ്രൈവിലെ വലിയ വേദി നിറഞ്ഞ പുരുഷാരം വേദിക്ക് പുറത്തേക്കും നീണ്ടു.
അരനൂറ്റാണ്ടിലേറെ നീണ്ട തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലൊരു യോഗം താന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണിയും സാക്ഷ്യപ്പെടുത്തി. ഈ സമ്മേളനത്തില്‍ വേണ്ടി പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലേക്ക് വന്നതെന്നും ഈ ആവേശം ഇനിയങ്ങോട്ടും നിലനിര്‍ത്തണമെന്നും എകെ ആന്‍റണി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
താഴെ തട്ടിലുള്ള പ്രവർത്തകരുടെ ചിട്ടയുള്ള യോഗങ്ങള്‍ വിളിക്കണം. മോദിയെ തറപറ്റിക്കാൻ കരുത്തുള്ള നേതാവായി രാഹുൽ വളർന്നു കഴിഞ്ഞു. ദില്ലിയിൽ ഭരണമാറ്റം ഉണ്ടാകാൻ പോകുന്നു. ജനവികാരം പിണറായിക്കും മോദിക്കും എതിരാണ്. പക്ഷെ ജയിക്കണമെങ്കിൽ അടിത്തട്ടിൽ സംഘടന വേണം. പരമാവധി എംപിമാര്‍ കോൺഗ്രസിന് ഉണ്ടാകണമെങ്കിൽ ചെങ്ങന്നൂരിലെ തോൽവിയിൽ നിന്ന് പഠിക്കണം. ബൂത്തിൽ പ്രവർത്തകരില്ലെങ്കിൽ ജനവികാരം വോട്ടാവില്ല. അതുകൊണ്ടാണ് ബൂത്ത് തല നേതാക്കളെ വിളിച്ചത്. അട്ടിത്തട്ടില്‍ പാര്‍ട്ടി കാര്യക്ഷമമായി മുന്നോട്ട് പോകണം. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നമ്മുക്ക് വിജയം നേടാനാവൂ.
പാര്‍ട്ടിയുടെ കാല്‍ലക്ഷത്തിലേറെ ഭാരവാഹികള്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സമ്മേളനത്തിയെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് വേദിയില്‍ പറഞ്ഞത്. വേദിക്ക് അകത്തേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയതോടെ നേതാക്കള്‍ ഇടപെടാണ് തിരക്ക് നിയന്ത്രിച്ചത്.
