കോഴിക്കോട്: ചില തിയേറ്ററുകള്‍ കണക്കുകളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. യഥാര്‍ത്ഥ കണക്കും നിര്‍മ്മാതാക്കള്‍ക്കും സര്‍ക്കാറിനും നല്‍കുന്ന കണക്കുകളും തമ്മില്‍ വത്യാസമുണ്ട്. ഇത് സര്‍ക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നു. തട്ടിപ്പ് തടയാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരും. ഇതിനായി ചലച്ചിത്ര നിര്‍മാണ, പ്രദര്‍ശന രംഗത്തു സമഗ്രമായ നിയമനിര്‍മാണം കൊണ്ടുവരുമെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയമനിര്‍മാണത്തിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 25നു ചലച്ചിത്ര പ്രവര്‍ത്തകരുടെ യോഗം തിരുവനന്തപുരത്തു വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില തിയ്യറ്ററുകള്‍ സര്‍ക്കാരിനെ കബളിപ്പിക്കുന്നു. യഥാര്‍ഥ കണക്ക്, നിര്‍മാതാക്കള്‍ക്കു നല്‍കുന്ന കണക്ക്, സര്‍ക്കാരിനു നല്‍കുന്ന കണക്ക് എന്നിങ്ങനെ മൂന്നായാണു തിയറ്ററുകള്‍ കണക്കുണ്ടാക്കുന്നത്. 

ഈ ക്രമക്കേടുമൂലം വിനോദ നികുതിയില്‍ സര്‍ക്കാരിന് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ 14 തിയറ്ററുകളില്‍നിന്നു 4.75 കോടി രൂപ സര്‍ക്കാരിനു ലാഭം കിട്ടി. ദീലീപിന്റെ തിയറ്ററുകളും ലാഭത്തിലായിരുന്നു. മറ്റു തിയറ്ററുകള്‍ നഷ്ടത്തിലാണെന്നു പറയുന്നതു ശരിയല്ലെന്നും ബാലന്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 25 ഇടങ്ങളിലായി സര്‍ക്കാര്‍ പുതിയ തിയറ്റര്‍ സമുച്ചയം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. 25 തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി സമ്മതം അറിയിച്ചിട്ടുണ്ട്. സ്ഥലവും നല്‍കിയിട്ടുണ്ട്. നൂറ് കോടി രൂപ ഇതിനായി അുവദിച്ച് കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.