ബിഎസ്പിയും എസ്പിയും ഒരുമിച്ചതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

ദില്ലി: കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പരീക്ഷണം പാളിയതിന് പിന്നാലെയാണ്. യുപിയില്‍ ബിജെപിക്ക് അടുത്ത പരീക്ഷ നേരിട്ടത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ ലോകസഭ, അസംബ്ലി മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ബിജെപിക്ക് നല്‍കുന്നത് തലവേദന മാത്രമല്ല ഭാവിയെക്കുറിച്ചുള്ള ആശങ്ക കൂടിയാണ്.

ശത്രുക്കളായിരുന്ന ബിഎസ്പിയും എസ്പിയും ഒരുമിച്ചതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്. നേരത്തെ ഗൊരക്പൂര്‍, ഫുല്‍പൂര്‍ എന്നീ ലോകസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പി-എസ്പി ഒത്തുചേര്‍ന്നപ്പോള്‍ ബിജെപി പരാജയത്തിന്‍റെ രുചിയറിഞ്ഞതാണ്.

കര്‍ണാടക രാഷ്ട്രീയത്തിലെ തിരിച്ചടികളോ ബിജെപിക്കെതിരായ മറ്റ് ആരോപണങ്ങളോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന വിലയിരുത്തലില്‍ ആയിരുന്നു ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. പ്രചാരണത്തിന്‍റെ ഭാഗമായി മുസഫര്‍ നഗറില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട നിരപരാധികളെ കുറ്റവിമുക്തരാക്കാമെന്നടക്കം പറഞ്ഞാണ് ബിജെപിയും പ്രതിപക്ഷവും വോട്ടുതേടിയത്. 

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം ബിജെപിയ്ക്ക് നല്‍കുന്ന വെല്ലുവിളികള്‍ ചെറുതല്ല.