മകന്‍ ഓടിച്ച വാഹനം ഇടിച്ച് വിദ്യാര്‍തഥി ഗുരുതരാവസ്ഥയില്‍ സൈക്കിളില്‍ പോകുകയായിരുന്ന കുട്ടിയെ ഇടിച്ച് ഇടുകയായിരുന്നു  

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച വാഹനം ഇടിച്ച് ആറാംക്ലാസുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പിതാവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ആശാരേത്ത് വീട്ടില്‍ ഹമീദ് കുഞ്ഞിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കായംകുളം കെ.പി റോഡില്‍ രണ്ടാം കുറ്റിക്കു കിഴക്കുവെച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത് പെരുങ്ങാല ദേശത്തിനകം തറയില്‍ പടീറ്റതില്‍ സെമീറിന്റെ മകന്‍ സല്‍മാനാണ്. എച്ച്.എച്ച്.വൈ.എസ്.എം യു.പി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സല്‍മാന്‍.

സൈക്കിളില്‍ പോകുകയായിരുന്ന സല്‍മാനെ ഹമീദ് കുഞ്ഞിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച് വാഹനം ഇടിക്കുകയായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സല്‍മാന്‍. കാറ് ഓടിച്ചിരുന്ന കുട്ടിക്കും പിതാവിനുമെതിരെയാണ് കേസ്.