ബത്തേരി: വയനാട് ബത്തേരിയില്‍ മദ്യലഹരിയിലായിരുന്ന യുവാവ് അമ്മയെ തലക്കടിച്ചു കൊന്നു. ബത്തേരി പഴുപ്പത്തൂർ കാവുങ്കര കുന്ന് കോളനിയിലെ ചന്ദ്രികയാണ് മകന്‍ പ്രദീപിന്റെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് മദ്യപിച്ചെത്തിയ പ്രദീപ് അമ്മയുമായി കലഹിക്കുകയായിരുന്നു തുടര്‍ന്ന് പ്രദീപ് വടികൊണ്ട് ചന്ദ്രികയുടെ തലക്കടിച്ചു. മദ്യലഹരിയില്‍ പ്രദീപ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതിനാല്‍ കോളനിയിലുള്ള മറ്റാര്‍ക്കും അടുക്കാനായില്ല.
അതുകൊണ്ടുതന്നെ നാലുമണിക്കൂറോളം വീട്ടുവരാന്തയില്‍ ചന്ദ്രിക ബോധംകെട്ടുകിടന്നു. രാത്രി പത്തുമണിക്ക് ലഹരിവിട്ടതിനുശേഷമാണ് പ്രദീപ് ചന്ദ്രികയെ ആശുപത്രിയില്‍ കൊണ്ടുപാകന്‍ അനുവദിച്ചത്. ഇത്രയും സമയം പോലീസും ആ വഴി എത്തിയില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ ചന്ദ്രികയെ ബത്തേരി താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഇവര്‍ മരണത്തിന് കീഴടങ്ങി.
ഇതില്‍ പ്രതിക്ഷേധിച്ച് ബത്തേരിയിലും പരിസരങ്ങളിലുമുള്ള അനധികൃത മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനോരുങ്ങുകയാണ് നാട്ടുകാര്‍. വില്‍പനകാര്‍ക്ക് സഹായം നല്‍കുന്നത് എക്സൈസും പോലീസുമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ചന്ദ്രികയുടെ മരണത്തെ തുടര്‍ന്ന് ബത്തേരി പോലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
