തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി ട്വീറ്റ് ചെയ്തു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുക.
കേരളത്തിലെ തെക്കന്‍ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരി ഭാഗങ്ങളിലും മഴ തുടരുകയാണ്. മരങ്ങള്‍ വീണ് ഗതാഗത തടസ്സവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകര്‍ന്നതായും തമിഴ്‌നാട്ടില്‍നിന്നുള്ള ട്വീറ്റുകള്‍ വ്യക്തമാക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌കുളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
മഴ ശക്കതമായതോടെ പാറശ്ശാലയിലെ ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു വീണു. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാന വേദിയടക്കം മൂന്ന് വേദികള്‍ തകര്‍ന്ന് വീണത്. വേദിയുടെ ഷീറ്റ് പൊളിഞ്ഞ് വീണ് വേദികള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. കലോത്സവത്തിനെത്തിയ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ മുതല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നാളെ രാവിലെ വരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിസംബര്‍ 1 വരെ മഴ തുടര്‍ന്നേക്കുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂറിനിടെ 7 മുതല്‍ 11 വരെ സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ജില്ലകളിലെ വനമേഖലകളിലും നെയ്യാര്‍ മേഖലയുടെ വിഷ്ടി പ്രദേശത്തും മഴ തുടരുന്നതിനാല്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
