തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വ്വേയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും. യോഗത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് ഇന്ന് ചേളാരിയില്‍ സമരസമിതി ഉപവാസം നടത്തും. രാവിലെ ഒന്‍പത് മണിക്ക് ചേളാരിയിലാണ്‌ ഉപവാസ സമരം തുടങ്ങുന്നത്. 

അതേസമയം, മലപ്പുറത്ത് ഇന്നും സര്‍വേ തുടരും. തേഞ്ഞിപ്പലം മുതല്‍ ഇടിമുഴിക്കല്‍ വരെയാണ് ഇന്ന് സര്‍വേ. ആറ് കിലോമീറ്റര്‍ സര്‍വേ ഇന്ന് പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. ജനവാസ കേന്ദ്രങ്ങളിലൂടെ ആയതിനാല്‍ പ്രതിഷേധത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ചേലമ്പ്രയിലും ഇടിമുഴിക്കലും അലൈന്‍മെന്റില്‍ അട്ടിമറി ആരോപിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ അരീത്തോട്ടെ ഒന്നേകാല്‍ കിലോമീറ്റും  പ്രതിഷേധമുള്ള ഇടിമുഴിക്കലിലെ ചില ഭാഗങ്ങളും ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സര്‍വകക്ഷി യോഗ തീരുമാനത്തിനു ശേഷമായിരിക്കും സര്‍വേ നടത്തുക.