ഷൊര്‍ണൂര്‍ എം.എൽ.എ പി.കെ.ശശിക്കെതിരെ വനിതാ ഡിവൈഎഫ്ഐ നേതാവ് നൽകിയ ലൈംഗിക പീഡനപരാതിയില്‍ പോളിറ്റ് ബ്യൂറോ ഇടപെട്ട് അന്വേഷണം എന്ന വാർത്തകളിൽ കേരളഘടകത്തിന് അതൃപ്തി. പോളിറ്റ് ബ്യൂറോ അന്വേഷണത്തിന് നിര്‍ദേശിച്ചു എന്ന പ്രസ്താവനയ്ക്കെതിരെയാണ് സിപിഎം കേരള ഘടകം അതൃപ്തി അറിയിച്ചത്.

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എൽ.എ പി.കെ.ശശിക്കെതിരെ വനിതാ ഡിവൈഎഫ്ഐ നേതാവ് നൽകിയ ലൈംഗിക പീഡനപരാതിയില്‍ പോളിറ്റ് ബ്യൂറോ ഇടപെട്ട് അന്വേഷണം എന്ന വാർത്തകളിൽ കേരളഘടകത്തിന് അതൃപ്തി. പോളിറ്റ് ബ്യൂറോ അന്വേഷണത്തിന് നിര്‍ദേശിച്ചു എന്ന പ്രസ്താവനയ്ക്കെതിരെയാണ് സിപിഎം കേരള ഘടകം അതൃപ്തി അറിയിച്ചത്. ഇതേതുടര്‍ന്നാണ് പിബി പ്രസ്താവന ഇറക്കിയത്. സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശ നല്‍കിയിട്ടില്ലെന്നായിരുന്നു വിശദീകരണം. പരാതി കേരള ഘടകം തന്നെ കൈകാര്യം ചെയ്യുമെന്നും പിബി വ്യക്തമാക്കിയിരുന്നു.

ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റിഅംഗമാണ് പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറിൽ മണ്ണാർകാട് ഏരിയാ കമ്മറ്റി ഓഫീസിന്‍റെ മുകളിലത്തെ നിലയിൽ വച്ച് ലൈഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ തെളിവായി കൈയ്യിരുണ്ടെന്നും ജനറൽ സെക്രട്ടറി സീതാംറാം യെച്ചൂരിക്ക് നൽകിയ പരാതിയിലുണ്ട്. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിനന്ദൻ, പാലക്കാട്ടെ മുതിർന്ന നേതാവ് എം ചന്ദ്രൻ, എം പി രാജേഷ് എം പി എന്നിവർക്കാണ് ആദ്യം പെൺകുട്ടി പരാതി നൽകിയത്. എം ചന്ദ്രൻ പരാതി പാലക്കാട് ജില്ലാ സെക്രട്ടറിക്ക് കൈമാറിയെങ്കിലും എംഎല്‍എയിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കാനായിരുന്നത്രെ ഉപദേശം. പരാതികിട്ടിയകാര്യം സി കെ രാജേന്ദ്രൻ പക്ഷെ ഇന്നും നിഷേധിക്കുകയാണ്.

കഴിഞ്ഞ മാസം 14ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും യുവതി പരാതി നൽകി. എന്നിട്ടും നടപടി ഉണ്ടായില്ല. ശശിക്കെതിരെ പരാതി കിട്ടിയെന്ന് ബൃന്ദകാരാട്ട് പിബിയെ അറിയിച്ചിരുന്നു. മലയാളത്തിലുള്ള പരാതി തര്‍ജമയ്ക്കായി കൈമാറിയെന്നായിരുന്നു വിശദീകരണം. പിന്നീട് പരാതിക്കാരി സീതാറാം യെച്ചൂരിക്കയച്ച ഇമെയിലിലും നേരത്തെ കത്തയച്ച കാര്യം പരാമർശിച്ചിരുന്നു. യെച്ചൂരിക്ക് അയച്ച പരാതിയില്‍ അന്വേഷണത്തിന് നിർദ്ദേശമുണ്ടായി. സെക്രട്ടേറിയറ്റ് അംഗമായ ഒരു സ്ത്രീ ഉൾപ്പെട്ട കമ്മറ്റി അന്വേഷിക്കാനാണ് നിർദ്ദേശം. സംഭവം വാർത്തയായതിന് പിന്നാലെ പാലക്കാടുനിന്നുള്ള മന്ത്രി എം കെ ബാലൻ കോടിയേരി ബാലകൃഷ്ണനെ കണ്ട് ചർച്ച നടത്തി. ഒരു സ്ത്രീ ഉൾപ്പെട്ട സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സമിതി പരാതി അന്വേഷിക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിർദ്ദേശം. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശത്തിൽ തീരുമാനമെടുക്കും.