അന്വേഷണം വൈകിപ്പിച്ച് പൊലീസ് രഹസ്യമൊഴി വാങ്ങാൻ തയ്യാറാകുന്നില്ല അപേക്ഷ നല്‍കി കാത്തിരിക്കുന്നുവെന്ന് വിശദീകരണം ഒത്ത് തീര്‍ക്കാൻ എംഎല്‍എയുടെ ഭാഗത്ത് നിന്ന് നീക്കം

കൊല്ലം: കെബി ഗണേഷ്കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം വൈകിപ്പിച്ച് പൊലീസ്. പുനലൂര്‍ കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി എത്തിയിട്ട് രണ്ട് ദിവസമായിട്ടും അത് വാങ്ങാൻ പൊലീസ് തയ്യാറായിട്ടില്ല. അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം

കഴിഞ്ഞ ശനിയാഴ്ചയാണ് ഷീന ചവറ മജിസ്ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ഗണേഷ്കുമാര്‍ എംഎല്‍എ മോശമായി സംസാരിച്ചെന്നും ലൈംഗീക ചുവയോടെ അംഗവിക്ഷേപം കാണിച്ചെന്നുമുള്ള മൊഴി കോടതിയിലും ആവര്‍ത്തിച്ചുവെന്നാണ് ഷീന മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ രഹസ്യമൊഴി അനുസരിച്ച് എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. ചവറ കോടതിയില്‍ നിന്നും ചൊവ്വാഴ്ച പുനലൂര്‍ കോടതിയിലെത്തിയ രഹസ്യമൊഴി വാങ്ങാൻ പൊലീസ് ഇത് വരെ തയ്യാറായിട്ടില്ല.

ചൊവ്വാഴ്ചയും ബുധനാഴ്ചയും അഞ്ചല്‍ പൊലീസിലെ കോര്‍ട്ട് ഡ്യൂട്ടി ഓഫീസറായ ഉദ്യോഗസ്ഥൻ പുനലൂര്‍ കോടതിയിലെത്തി. മറ്റ് നടപടി ക്രമങ്ങള്‍ നോക്കിയതല്ലാതെ രഹസ്യമൊഴി സംബന്ധിച്ച് കോടതിയില്‍ ഒരാവശ്യവും ഉന്നയിച്ചില്ല. നേരത്തെ ഗണേഷിനെ സഹായിച്ചെന്ന ആരോപണത്തിലാണ് സിഐയെ സ്ഥലം മാറ്റിയത്.ചില സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും കൊട്ടാരക്കരയില്‍ കേസ് ഒത്ത് തീര്‍ക്കാൻ ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം ഗണേഷ് കുമാര്‍ സംഭവത്തില്‍ നിരപരാധിയാണെന്ന് കാണിക്കുന്ന ഒരു വീഡിയോ എംഎല്‍എ അനുകൂലികള്‍ പുറത്തിറക്കിയിട്ടുണ്ട്.