ഹൈദരാബാദ്: കേന്ദ്ര സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്കെതിരെ എസ്എഫ്ഐ നേതൃത്വം നൽകിയ വിശാല സഖ്യത്തിന് ജയം. മുഴുവൻ സീറ്റുകളും ഇടത് ദളിത് ന്യൂനപക്ഷ ഐക്യസഖ്യമായ അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് തൂത്തുവാരി. അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷൻ നേതാവും അങ്കമാലി സ്വദേശിയുമായ ശ്രീരാഗ് പൊയ്ക്കാടനാണ് യൂണിയൻ പ്രസിഡന്‍റ്.

നീൽ സലാം ലാൽ സലാം മുദ്രാവാക്യം ഏറ്റെടുത്താണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസിനെ വിജയിപ്പിച്ചത്.രോഹിത് വെമുലയ്ക്ക് നീതി കിട്ടാൻ ഒന്നിച്ചുപോരാടിയ സംഘടനകളിൽ എൻഎസ്‍യു ഒഴികെയുളളവ ഇത്തവണ ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എസ്എഫ്ഐയുടെ നേതൃത്വത്തിൽ അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ, എസ്ഐഒ, എംഎസ്എഫ്,ഡിഎസ്‍യു എന്നിവയെല്ലാം ഒന്നിച്ചു.സംഘടനാ പേരുകളൊന്നുമില്ലാതെ എബിവിപിക്കെതിരെ എൈക്യമുണ്ടാക്കാനായിരുന്നു സഖ്യധാരണ.ഇതാണ് വൻവിജയമായത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മലയാളിയായ ശ്രീരാഗ് പൊയ്ക്കാടൻ 160 വോട്ടിനാണ് വിജയിച്ചത്. ട്രൈബൽ സ്റ്റുഡൻസ് ഫോറം പ്രവർത്തകൻ ലുണാവത് നരേഷ് ആണ് വൈസ് പ്രസിഡന്‍റ്.

നരേഷിന് സ്ഥാനാർത്ഥിയാവാനുളള യോഗ്യതയില്ലെന്ന എബിവിപിയുടെ പരാതിയെത്തുടർന്ന് ഈ സീറ്റിൽ വോട്ടെണ്ണൽ വൈകിയിരുന്നു.ദളിത്,ആദിവാസി,മുസ്ലിം വിഭാഗത്തിൽ നിന്നുളളവരെയാണ് അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് മുഴുവൻ സീറ്റുകളിലും മത്സരിപ്പിച്ചത്.

രോഹിത് വെമുലയുടെ മരണശേഷം കഴിഞ്ഞ വർഷം നടന്ന ആദ്യ തെരഞ്ഞെടുപ്പും എസ്എഫ്ഐ നേത‍ൃത്വത്തിലുളള സഖ്യം തൂത്തുവാരിയിരുന്നു.അന്ന് ഒറ്റയ്ക്ക് മത്സരിച്ച അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷനും വിശാല സഖ്യത്തിൽ ചേർന്നതാണ് ഇത്തവണ എബിവിപിയുടെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതാക്കിയത്.