ആത്മഹത്യാപരമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബി ജെ പിയുമായി സംഖ്യമുണ്ടാക്കിയതെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി.
മുംബൈ: ആത്മഹത്യാപരമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബി ജെ പിയുമായി സംഖ്യമുണ്ടാക്കിയതെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി. ബി ജെ പിയുമായി ജമ്മുകാശ്മീരിൽ സംഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനുമായി ചർച്ചക്ക് തയ്യാറാവുമെന്നാണ് കരുതിയിരുന്നതെന്നും മെഹബൂബ പറഞ്ഞു.
വാജ്‌പേയി ബാക്കിവെച്ച് പോയ കാര്യങ്ങളിൽ നിന്ന് മോദി തുടങ്ങുമെന്നായിരുന്നു താൻ പ്രതീക്ഷിച്ചതെന്നും മെഹബൂബ വിശദമാക്കി. വിഘടനവാദി സംഘടനകളുടെ നേതാക്കളുമായി ചർച്ച നടത്തുന്നതിന് പൂർണ്ണ പിന്തുണ നൽകിയ സാഹചര്യത്തിൽ മോദി അവസരത്തിനനുസരിച്ച് ഉയരുമെന്നും പ്രതീക്ഷിച്ചിരുന്നു. 2002-2005 ൽ വാജ്‌പേയി പ്രധാനമന്ത്രിയും തന്റെ പിതാവ് ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയുമായിരുന്ന കാലം സുവര്‍ണകാലമായിരുന്നുവെന്നും മോദിക്ക് വാജ്‌പേയിക്ക് കിട്ടാതിരുന്ന ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ബി ജെ പിയുമായി സഖ്യമുണ്ടാക്കിയപ്പോൾ കാശ്മീരിൽ നേരിടുന്ന ദുരിതങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിലൂടെ പി ഡി പിയുടെ അവസാനമായാലും കുഴപ്പമില്ലെന്നാണ് കരുതിയിരുന്നതെന്നും മെഹബൂബ വ്യക്തമാക്കി.
