മുംബൈ: എന്‍.ഡി.എ ഘടകകക്ഷികളായ ബി.ജെ.പിയും ശിവസേനയും തുറന്ന പോരില്‍. 'സ്‌കാംസ്റ്റര്‍' (അഴിമതിവീരന്‍) എന്ന തലക്കെട്ടില്‍ ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച ബുക്ക്‌ലെറ്റുകളാണ് ശിവസേന മുംബൈയിലെ വീടുകളില്‍ വിതരണം ചെയ്തത്. നേരത്തെ ശിവസേന എം.പിമാരുടെ ബി.ജെ.പി വിരുദ്ധ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമനന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയരുന്നു. രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയതിനെതിരെയായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
എന്നാല്‍ ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് പുല്ലുവില കല്‍പിച്ചാ ണ് ശിവസേന തുറന്ന പോരിനിറങ്ങിയിരിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അടങ്ങുന്ന ബുക്ക്‌ലെറ്റിന്റെ വിതരണോദ്ഘാടനം സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് നിര്‍വഹിച്ചത്.
ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ ഏക്‌നാഥ് ഖാഡ്‌സെയാണ് ശിവസേനയുടെ ബുക്ക്‌ലെറ്റിലെ ആദ്യത്തെ പേര്. അഴിമതി ആരോപണം നേരിടുന്ന വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ഡെ, ഗിരീഷ് മഹാജന്‍ എന്നീ മുതിര്‍ന്ന നേതാക്കളാണ് സേനയുടെ അഴിമിതിവീരന്മാരുടെ പട്ടികയിലെ പ്രധാനികള്‍.
വിഷ്ണു സവര, പ്രവിന്‍ ദരേകര്‍, ജയ്കുമാര്‍ റാവല്‍, ചന്ദ്രശേഖര്‍ ബവന്‍കുലെ, രജിത് പാട്ടില്‍, സംഭാജി പാട്ടില്‍ നിലങ്കേക്കര്‍ എന്നീ മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളും ബുക്ക്‌ലെറ്റില്‍ വിശദീകരിക്കുന്നുണ്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭ-അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ നിലപാട് വ്യക്തമാക്കുന്നതാണ് ശിവസേനയുടെ പുതിയ നീക്കങ്ങള്‍.
