ദില്ലി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് മുൻ ഡയറക്ടർ അലോക് വർമ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹർജി പരിഗണിക്കുന്നതിന് മുമ്പ് അലോക് വർമക്കെതിരെയുള്ള പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി കേന്ദ്ര വിജിലൻസ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. 

അലോക് വർമക്കെതിരെ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയാണ് വിജിലൻസ് കമ്മീഷന് പരാതി നൽകിയത്. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിതീർക്കാൻ അലോക് വർമ രണ്ടുകോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു രാകേഷ് അസ്താനയുടെ പരാതി. ഇക്കാര്യത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇന്ന് സുപ്രീംകോടതിയിൽ നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കുക. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാൽ അലോക് വർമയെ സിബിഐ തലപ്പത്ത് സുപ്രീംകോടതി വീണ്ടും നിയമിച്ചേക്കും