അല്‍വാര്‍: മുസ്ലീം ക്ഷീരകര്‍ഷകന്‍റെ 51 പശുക്കളെ ഒരു സംഘം ആളുകള്‍ പിടിച്ചെടുത്ത് ഗോശാലയ്ക്ക് കൈമാറി. പൊലീസിന്‍റെ സഹായത്തോടെയാണ് പശുക്കളെ ബലമായി പിടിച്ചെടുത്തത്. രാജസ്ഥാനിലെ അല്‍വാറിലെ മേവാത്ത് മേഖലയിലെ സുബ്ബ ഖാന്‍റെ പശുക്കളെയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തത്. സുബ്ബ പശു കടത്തുകാരനാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

ഈ മാസം മൂന്നിനാണ് പശുക്കളെ ബലമായി പിടിച്ചെടുത്ത് ഗോശാലയ്ക്ക് കൈമാറിയത്. പൊലീസ് ഗോസംരക്ഷകരുടെ പക്ഷത്തായതിനാൽ പശുക്കളെ വിട്ടുകിട്ടാനുള്ളല സുബ്ബയുടെയും കുടുംബത്തിന്‍റെയും ശ്രമം ഫലം കണ്ടില്ല. എന്നാല്‍ സുബ്ബ പശുകശാപ്പ് നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും നാട്ടുകാരാണ് പശുക്കളെ പിടിച്ചെടുത്ത് ഗോശാലയ്ക്ക് കൈമാറിയതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. പശുക്കളെ കൊണ്ടുപോയതോടെ സുബ്ബയുടെ തൊഴുത്തിലുണ്ടായിരുന്ന കന്നുകുട്ടികള്‍ പ്രതിസന്ധിയിലായി.

പാല്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് സുബ്ബയെന്ന് വ്യക്തമാക്കി സുബ്ബയുടെ അയല്‍ക്കാർ കളക്ടർക്ക് കത്ത് നല്‍കി. സംഘപരിവാറുകാര്‍ പിടിച്ചെടുത്തവയെല്ലാം കറവപ്പശുക്കളാണെന്നും അവര്‍ വ്യക്തമാക്കി.