കുഞ്ചിത്തണ്ണിക്കു സമീപം പള്ളിവാസല്‍ പഞ്ചായത്തിലെ മുത്തന്‍മുടി ഭാഗത്താണ് ഈ പ്രതിഭാസമുണ്ടായത്. വെള്ളായാഴ്ചയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ഈ ഭാഗത്തെ നാലു കര്‍ഷകരുടെ കൃഷിയിടങ്ങളിലെ ചെടികളുടെ ഇലകളില്‍ വ്യാപകമായി മഞ്ഞനിറം കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്. 

മഞ്ഞ നിറത്തില്‍ ഇടക്കിടെ വീഴുന്ന ദ്രാവകം ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുകയാണ്. കൈകൊണ്ട് തുടച്ചാല്‍ മാഞ്ഞു പോകുകയും ചെയ്യും. കാര്‍ഷിക വിളകളുടെയും മറ്റു ചെടികളിടെയുമെല്ലാം ഇലകളില്‍ ഇപ്പോഴിതുണ്ട്. വീട്ടുമുറ്റത്തിരിക്കുന്ന വസ്തുക്കളിലെല്ലാം ഇപ്പോള്‍ മഞ്ഞനിറത്തിലുള്ള പാടുകളാണ്. അന്തരീക്ഷം മേഘാവതമാകുന്ന ദിവസങ്ങളില്‍ വൈകുന്നേരം നാലു മണിക്കു ശേഷമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താന്‍ സാന്പിള്‍ ശേഖരിച്ച് വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുമൂലം കൃഷിനാശമുണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. പല ദിവസങ്ങളിയും ഇത്തരത്തില്‍ മഞ്ഞമഴ പെയ്യുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.